Sunday, March 13, 2011

ആര്‍എസ്‌എസിന്റെ ആഹ്വാനം

ആര്എസ്എസിന്റെ ആഹ്വാനം

അഴിമതിക്കെതിരെ ശക്തമായ ജനമുന്നേറ്റത്തിന്‌ ആര്‍എസ്‌എസ്‌ അഖിലഭാരതീയ പ്രതിനിധിസഭ ആഹ്വാനം ചെയ്തിരിക്കുകയാണ്‌. പ്രധാനമന്ത്രിയടക്കമുള്ളവര്‍ അഴിമതിയെ താലോലിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ ആര്‍എസ്‌എസ്‌ അഖിലഭാരതീയ പ്രതിനിധിസഭ രാജ്യത്തിന്റെ അന്തസ്സിനും പ്രതിച്ഛായയ്ക്കും മേല്‍ കരിതേയ്ക്കുന്ന അധികാരദുര്‍വിനിയോഗങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ എന്ന മുന്നറിയിപ്പും നല്‍കി.



ഇതുസംബന്ധിച്ച്‌ പ്രമേയവും പാസാക്കി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടനത്തിലെ ക്രമക്കേടുകള്‍ ലോകത്തിന്‌ മുന്നില്‍ നാടിനെ നാണംകെടുത്തി. നീതിപീഠത്തിന്റെയും മാധ്യമങ്ങളുടെയും ഇടപെടല്‍കൊണ്ട്‌ മാത്രമാണ്‌ സര്‍ക്കാര്‍ അഴിമതിക്കെതിരെ നടപടി നാടകങ്ങള്‍ക്കെങ്കിലും തുനിയുന്നത്‌. ഇപ്പോഴും കുറ്റക്കാരെ മറച്ചുപിടിക്കാനാണ്‌ ശ്രമം. കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പദവിയില്‍ അഴിമതിക്കാരനായ വ്യക്തിയെ നിയോഗിച്ചതിന്റെ പിന്നിലെ അദൃശ്യകരങ്ങള്‍ ആരുടേതെന്ന്‌ അറിയാന്‍ രാജ്യത്തിന്‌ അവകാശമുണ്ടെന്ന്‌ ആര്‍എസ്‌എസ്‌ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.


അഴിമതി തുടച്ചുനീക്കാന്‍ ജനകീയ മുന്നേറ്റംകൊണ്ട്‌ മാത്രം സാധ്യമല്ല. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ സാമൂഹിക പരിഷ്ക്കരണംതന്നെ ആവശ്യമാണെന്ന്‌ പ്രമേയം ചൂണ്ടിക്കാട്ടി. ജയപ്രകാശ്‌ നാരായണന്റെ സമ്പൂര്‍ണ വിപ്ലവവും ബോഫോഴ്സ്‌ കുംഭകോണങ്ങള്‍ക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭവും അഴിമതിയില്‍ മുങ്ങിയ അധികാര കേന്ദ്രങ്ങളെ തൂത്തെറിഞ്ഞെങ്കിലും പകരംവന്ന സംവിധാനങ്ങളുടെയും വഴി മറ്റൊന്നായിരുന്നില്ല. അധികാര രാഷ്ട്രീയത്തിന്റെ ദുസ്വാധീനം സമൂഹത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കിയതിനാല്‍ ഓരോ വ്യക്തിയും പരിഷ്ക്കരിക്കപ്പെടാതെ ഈ വെല്ലുവിളിയെ പിഴുതെറിയാനാവില്ല. ഇൌ‍ പശ്ചാത്തലത്തില്‍ ഭരണസംവിധാനത്തില്‍ പരിഷ്ക്കരണ നടപടികളുണ്ടാകണം. അതേസമയംതന്നെ അതിന്‌ അനുകൂലമായി ജനകീയ അഭിപ്രായ രൂപീകരണവും ഉണ്ടാകണമെന്നുമാണ്‌ ആര്‍എസ്‌എസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.


ഭരണസംവിധാനത്തില്‍ സുതാര്യത, പരിമിതവും ലളിതവുമായ നിയന്ത്രണങ്ങളിലൂടെയുള്ള ഭരണം, എളുപ്പത്തില്‍ നീതി ലഭ്യമാക്കുംവിധമുള്ള നിയമസംവിധാനം, കള്ളപ്പണം തുടച്ചുനീക്കല്‍, രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും പണത്തിന്റെ ദുസ്വാധീനവും ഇല്ലാതാക്കല്‍, സുരക്ഷിതവും സമര്‍ത്ഥവുമായ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ തുടങ്ങിയ പരിഷ്ക്കരണ പരിശ്രമങ്ങള്‍ അടിയന്തരമായി നടപ്പാക്കേണ്ടവയാണെന്ന്‌ ആര്‍എസ്‌എസ്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. നാണയപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹിക അസ്വസ്ഥതകള്‍ക്ക്‌ വഴിവെച്ച കള്ളപ്പണ റാക്കറ്റുകളെ കണ്ടെത്തി രാജ്യത്തിന്‌ നഷ്ടമായ പണം വീണ്ടെടുത്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്ന്‌ പ്രതിനിധിസഭ ആവശ്യപ്പെട്ടു. അധികാരകേന്ദ്രങ്ങളിലെ അഴിമതിക്കെതിരെ ജാഗ്രതയോടെ പൊരുതിയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മാധ്യമപ്രവര്‍ത്തകരേയും നീതിപീഠത്തെയും പ്രതിനിധിസഭ അഭിനന്ദിക്കുകയും ചെയ്തു.


ലോകത്തിലെ തന്നെ ഏറ്റവും വലിയ കേഡര്‍ പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന ആര്‍എസ്‌എസിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള ആഹ്വാനം പ്രതീക്ഷ നല്‍കുന്നതാണ്‌. വെറുമൊരു വാര്‍ത്താ സൃഷ്ടിക്കുവേണ്ടിയുള്ളതല്ല ആര്‍എസ്‌എസ്‌ പ്രമേയം എന്ന തിരിച്ചറിവുതന്നെയാണിതിനു കാരണം.




രാജ്യത്തുടനീളം സംഘടനാശക്തിയുള്ള ആര്‍എസ്‌എസിന്‌ അഴിമതിക്കെതിരായ യുദ്ധത്തില്‍ തേര്‍ തെളിക്കാന്‍ കഴിയുമെന്ന്‌ എതിരാളികള്‍ പോലും സമ്മതിക്കും. മറ്റ്‌ പല ആരോപണങ്ങളും ആര്‍എസ്‌എസിനെതിരെ ഉണ്ടായപ്പോഴും അഴിമതിയുടെ കറ പുരളാത്ത നേതൃത്വവും സംഘടനയുമാണ്‌ ആര്‍എസ്‌എസിന്റേതെന്ന്‌ സമ്മതിക്കാന്‍ ശത്രുക്കള്‍ക്കുപോലും മടിയുണ്ടായില്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ യശസ്സു കളയുന്നതും ഭാവി അപകടത്തിലാക്കുന്നതുമായ അഴിമതി എന്ന ദുര്‍ഭൂതത്തെ ഇല്ലായ്മ ചെയ്യാനുള്ള സംഘടിത നീക്കത്തിന്റെ തുടക്കമായി ആര്‍എസ്‌എസ്‌ പ്രമേയത്തെ വിലയിരുത്താം. ജയപ്രകാശ്‌ നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവത്തിനാഹ്വാനം ചെവിക്കൊണ്ട്‌ അടിയന്തരാവസ്ഥയ്ക്കെതിരെ ആര്‍എസ്‌എസ്‌ നടത്തിയ പോരാട്ടത്തിന്റെ വിജയത്തിന്‌ സമാനമായ വിജയം അഴിമതിക്കെതിരായ പോരാട്ടത്തിനും ഉണ്ടാകണം.


ചൈന ഭാരതത്തിനെതിരെ നടത്തുന്ന അതിക്രമങ്ങളോട്‌ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന ഉദാസീനതയുടെ കൃത്യമായ മുന്നറിയിപ്പാണ്‌ മറ്റൊരു പ്രമേയത്തിലൂടെ ആര്‍എസ്‌എസ്‌ നല്‍കുന്നത്‌. കയ്യടക്കിയ അവസാന ഇഞ്ച്‌ ഭൂമിയും മടക്കിക്കിട്ടണമെന്ന്‌ 62 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ അംഗീകരിച്ച പ്രമേയം ആവര്‍ത്തിക്കണമെന്ന്‌ ആര്‍എസ്‌എസ്‌ ആവശ്യപ്പെട്ടു. ചൈന ഭാരതത്തിനെതിരെ ബഹുമുഖ യുദ്ധമുഖങ്ങള്‍ തുറക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കരുത്‌.


പാക്കിസ്ഥാനുമായി അവര്‍ പുലര്‍ത്തുന്ന സൗഹൃദം ഭാരതത്തിനെതിരായ ആസൂത്രിത നീക്കമാണ്‌. പാക്കധീന കാശ്മീരിലെ സൂര്‍ദ മേഖലയില്‍ 10,000 ചൈനീസ്‌ സൈനികരെ വിന്യസിച്ചുകഴിഞ്ഞു. കാശ്മീര്‍, വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ്‌ അധിനിവേശം പ്രകടമാണ്‌. ബംഗ്ലാദേശിലെ കുപ്രസിദ്ധമായ അനധികൃത ആയുധച്ചന്തയായ കോക്സ്ബസാര്‍ വഴി മാവോയിസ്റ്റുകളടക്കമുള്ള ഭീകരസംഘടനകള്‍ക്ക്‌ ആയുധങ്ങള്‍ നല്‍കുന്നത്‌ ചൈനയാണ്‌.


വിദേശ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ ആര്‍എസ്‌എസ്‌ മുന്‍പും ഇതേപോലെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ചെവിക്കൊള്ളാതിരുന്നപ്പോള്‍ അതിന്റെ ദോഷവും രാജ്യത്തിനനുഭവിക്കേണ്ടിവന്നു. പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും ഒക്കെ കാര്യത്തില്‍ ആര്‍എസ്‌എസ്‌ നിലപാട്‌ പൂര്‍ണമായും ശരിയെന്ന്‌ പിന്നീട്ട്‌ അറിഞ്ഞു. ചൈനയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിക്കാന്‍ പോകുന്നത്‌. ചൈന ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുകയാണ്‌ എന്നത്‌ പുതിയ കാര്യമല്ല. പാക്കിസ്ഥാനേക്കാള്‍ ഭാരതത്തിന്‌ അപകടം ചൈനയാണെന്ന്‌ മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌ പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും ചൈനക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഭാരതത്തിനു കഴിഞ്ഞിട്ടില്ല.


ചൈനക്കെതിരായ ആര്‍എസ്‌എസ്‌ പ്രമേയത്തെ ദേശസ്നേഹികളുടെ മുഴുവന്‍ ശബ്ദമായി കണ്ട്‌ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിയണം.

1 comment:

  1. we missed great opportunity... in my opinion RSS could have taken up the corruption issue in depth and should start a silent revolution until we get black and looted money from all. Now Anna Hazare taken all the credit. I was wondering why RSS was silent after looting million crores from country.... i think nobody cares about India ...only we talk lot ... thanks santhosh dubai

    ReplyDelete