‘ആര്‍എസ്എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ?’ എന്ന തലക്കെട്ടില്‍ ആര്‍എസ്എസിനെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി വാരികക്കെതിരെ ആര്‍എസ്എസ് വക്കീല്‍നോട്ടീസ് അയച്ചു.
പ്രാന്ത കാര്യവാഹ് പി ഗോപാലന്കുട്ടി മാസ്റ്ററാണ് അഡ്വക്കേറ്റ് കെകെ ബാലറാം മുഖേന നോട്ടീസയച്ചത്. മാതൃഭൂമി പ്രിന്റര് ആന്റ് പബ്ലിഷര്‍ എംഎന്‍ രവിവര്‍മ്മ, മാനേജിങ്ങ് എഡിറ്റര് പിവി ചന്ദ്രന്, മാതൃഭൂമി വാരിക പത്രാധിപര്‍ കെകെ ശ്രീധരന് നായര്‍, ഡെപ്യൂട്ടി എഡിറ്റര് എംപി ഗോപിനാഥ്, അസിസ്റ്റന്റ് എഡിറ്റര് കമല്‍റാം സജീവ്, ലേഖകന്‍ ബദ്രി റെയ്ന, വിവര്ത്തക കെആര്‍ ധന്യ എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ്.
കഴിഞ്ഞ ഫെബ്രുവരി 27ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ് പ്രസ്തുത ലേഖനം കവര്‍ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ജനങ്ങളെ ആര്‍എസ്‌എസ് ഭീകരത എങ്ങനെയാണ് തകര്‍ക്കാന്‍ പോകുന്നത് എന്ന് വിശദമായി പരിശോധിക്കുന്ന ലേഖനം എഴുതിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബദ്രി റെയ്‌നയാണ്. ഇതിനെതിരായി മാതൃഭൂമിക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലക്കാട് മാതൃഭൂമിയുടെ ഇരുപത്തയ്യായിരത്തോളം കോപ്പികള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. മാതൃഭൂമിയുടെ വിവിധ ഓഫീസുകള്‍ക്കുനേരേ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ലേഖനം പ്രസിദ്ധീകരിച്ച ആഴ്‌ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മാനേജ്‌മെന്റില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടി വേണ്ടെന്ന് മാതൃഭൂമി ഡയറക്‌ടര്‍ എംവി ശ്രേയാംസ്‌കുമാറും ആര്‍എസ്‌എസിന് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയാല്‍ മതിയെന്ന് വീരേന്ദ്രകുമാറും നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് 'ആര്‍എസ്‌എസ് മറുപടി പറയുന്നു' എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പരസ്യമൊക്കെ നല്‍കിയെങ്കിലും മറുപടി പ്രസിദ്ധീകരിച്ചില്ല.
Link : http://malayalam.webdunia.com/newsworld/news/keralanews/1103/23/111...